Kerala

സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല; കെ റെയിൽ എം ഡി

സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി അജിത് കുമാർ. സംവാദത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. പരിപാടിയുടെ അന്തിമ രൂപം ആയിട്ടില്ലെന്നും അജിത് കുമാർ പറഞ്ഞു.

സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് സാധ്യത പഠനം നടത്തിയ സംഘത്തിന്റെ തലവൻ അലോക് വർമ്മ പറഞ്ഞു. വിമാന ടിക്കറ്റുകളും ഔദ്യോഗിക ക്ഷണക്കത്തുകളും ഇന്ന് അയക്കുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അന്തിമ പട്ടിക ഇതുവരെ തയാറാക്കിയിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു എന്നത് വസ്തുതയാണ്. ഇതിനിടെ ജോസഫ് സി മാത്യുവിനെയും ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ ആരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും കെ റെയിൽ അധികൃതർ പറയുന്നു.

അതേസമയം കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ മാറ്റത്തിനു സാധ്യതയുണ്ട് . പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം. അലോക് വർമയെയും ആർവിജി മേനോനെയും നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. സിൽവർ ലൈൻ എതിർക്കുന്നവരിൽ പ്രമുഖനാണ് ജോസഫ് സി മാത്യു.

ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും.