Kerala

ശ്രീനിവാസന്‍ വധം: പ്രതികള്‍ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഐജി പറഞ്ഞു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി പിടിയിലായിരുന്നു. ശംഖുവാരത്തോട് സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി.

ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഡാലോചനയില്‍ പങ്കാളികളായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.പൊലീസ് വിശദമായി ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും.

കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു.ബിലാല്‍,റിസ്വാന്‍,സഹദ്,റിയാസുദ്ദീന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

കേസിലെ ബാക്കിയുള്ള പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്. മേലാ മുറിയിലെ ശ്രീനിവാസന്റെ കടക്കുള്ളില്‍ കയറി ആക്രമിച്ച പ്രതികളടക്കം ഇനി പിടിയിലാകാനുണ്ട്.പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.