കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക.
കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇതിന് പുറമെ എസ് എന്‍ കോളേജിലെ തന്നെ ബിച്ചു തിരുമല നഗര്‍, എസ് എന്‍ വനിത കോളേജില്‍ ക്രമീകരിച്ചിട്ടുള്ള നെടുമുടി വേണു നഗര്‍, എസ് പി ബാലസുബ്രഹ്മണ്യം നഗര്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ലതാ മങ്കേഷ്‌കര്‍ നഗര്‍, പി എസ് ബാനര്‍ജി നഗര്‍, ടി കെ എം ആര്‍ട്ട്‌സ് കോളേജിലെ വി എം കുട്ടി നഗര്‍, പി ബാലചന്ദ്രന്‍ നഗര്‍, ഫാത്തിമ മെമ്മോറിയല്‍ ടെയിനിങ് കോളേജിലെ കൈനകരി തങ്കരാജ് നഗര്‍ എന്നി വേദികളിലും മത്സരങ്ങള്‍ നടക്കും. 102 മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിനായി കൊല്ലം നഗരം ഒരുങ്ങി കഴിഞ്ഞു. പ്രതിഭകള്‍ പരിശീലന തിരക്കിലാണ്.
ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കൊല്ലം എസ്എന്‍ കോളേജിലെ പ്രധാനവേദിയില്‍ കലോത്സവത്തിന് തിരിതെളിയും. മത്സരാര്‍ത്ഥികള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്യാമ്പസുകളില്‍ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് മോഹിനിയാട്ടം, കഥകളി, ഗസല്‍ എന്നീ മത്സരങ്ങള്‍ നടക്കും.