Cricket

‘ഐപിഎല്ലിൽ സൂപ്പർ സാറ്റർഡേ’; ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രാത്രി 8 ന് നടക്കുന്ന രണ്ടാം കളിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺ റൈസേഴ്സ് ഹൈദ്രാബാദുമായി ഏറ്റുമുട്ടും. കൊൽക്കത്തയ്ക്കും ബാംഗ്ലൂറിനും ഇന്നത്തെ മത്സരം നിർണായകമാണ്.

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ശക്തമായ നിരയുണ്ട് ഗുജറാത്തിന്. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പത്തിനൊപ്പം. കൂടാതെ ഇരട്ടി കരുത്തായി ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും. സീസണിൽ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.

മറുവശത്ത് അവസാന മൂന്ന് മത്സരങ്ങളും തോറ്റ കെകെആറിന് ഇന്നത്തെ ജയം അനിവാര്യമാണ്. ശേഷിക്കുന്ന എല്ലാ കളികളിലും ജയിക്കേണ്ട അവസ്ഥയിലാണ് കെകെആറിന്. ഗുജറാത്തിനെതിരെ ഇറങ്ങുന്നതിന് മുമ്പ് തന്ത്രത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നത് എന്തുകൊണ്ട് നല്ലതാണ്. പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തേണ്ട സമയം കഴിഞ്ഞു. ഏറ്റവും പ്രധാനം ബൗളിംഗ് ആക്രമണം ശക്തിപ്പെടുത്തലാണ്.

ബ്രാബോൺ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുങ്ങിക്കഴിഞ്ഞു. രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. കോലിയുടെ ഔട്ട് ഓഫ് ഫോം ഒരു പരിധിവരെ ടീമിനെ ബാധിക്കുന്നില്ല, എന്നാലും അദ്ദേഹം താളം കണ്ടത്തേണ്ടതുണ്ട്. ഈ സീസണിൽ താരത്തിൻ്റെ പ്രകടനം വളരെ മോശമാണ്. അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കളി കൂടുതൽ മെച്ചപ്പെട്ടു. അച്ചടക്കത്തോടെയുള്ള പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.