ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തടഞ്ഞ് സുപ്രിംകോടതി. തല്‍സ്ഥിതി തുടരാന്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് സുപ്രിംകോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടേതാണ് ഉത്തരവ്. വിഷയം സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും.
കോടതി നിര്‍ദേശ പ്രകാരം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചതായി മേയര്‍ രാജ ഇക്ബാല്‍ സിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മേയര്‍ പ്രതികരിച്ചു.
കേന്ദ്ര സേനയടക്കം എത്തി കനത്ത സുരക്ഷയിലാണ് കുടിയേങ്ങള്‍ ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് നേതൃത്വം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാനും പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. റോഡ് ചേര്‍ന്നുള്ള അനധികൃത കെട്ടിടങ്ങളാണ് അധികൃതര്‍ പൊളിക്കാന്‍ ശ്രമിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ മേഖലയില്‍ ഏര്‍പ്പെടുത്തി.
ഒഴിപ്പിക്കലിനായി ഇന്നലെ ഉദ്യോഗസ്ഥ സംഘം എത്തിയെങ്കിലും മതിയായ സുരക്ഷ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കലാപം നടന്ന സ്ഥലമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.