Kerala

പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം പി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം റദ്ദാക്കണമെന്ന് മഹിളാ കോൺഗ്രസ്. പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. ശശി ഇപ്പോൾ വിശുദ്ധനായോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നാണ് ജെബി മേത്തൽ പറഞ്ഞത്. ശിവശങ്കറിന് പിന്നാലെ കളങ്കിതരെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും ജെബി മേത്തർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊൽറ്റിക്കൽ സെക്രട്ടറിയായി പി ശശിയുടെ ചുമതല സംസ്ഥാന സമിതി അംഗീകരിക്കുന്നത് ഇന്നലെയാണ്. ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വർഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2011ൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസിൽ 2016ൽ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പി ശശി പാർട്ടിയിൽ തിരിച്ചെത്തിയത്. 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഈ സമ്മേളന കാലത്ത് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി.