Entertainment

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയകഥ; ‘ന്യൂ നോർമൽ’ ചർച്ചയാകുന്നു

ആൺ-പെൺ പ്രണയകഥകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ പെൺകുട്ടികൾ തമ്മിലുള്ള പ്രണയം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ആവിഷ്‌കാരങ്ങൾ താരതമ്യേനെ കുറവായതുകൊണ്ട് തന്നെ ഈ പ്രമേയത്തിൽ ഒരുക്കിയ ‘ന്യൂ നോർമൽ’ എന്ന ഹ്രസ്വ ചിത്രം ചർച്ചയാവുകയാണ്. മോനിഷ മോഹൻ മേനോനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഏതൊരു പ്രണയബന്ധത്തിലും കാണുന്ന എല്ലാ വികാരവിചാരങ്ങളും ഒരേ ലിംഗത്തിൽപ്പെട്ടവരുടെ പ്രണയത്തിലും ഉണ്ടാകുമെന്നും ഇത്തരം പ്രണയങ്ങൾ സാധാരണമാണെന്നും ചിത്രം പറയുന്നു. മനുഷ്യർ തമ്മിലാണ് സ്‌നേഹം സംഭവിക്കുന്നത്. അതിൽ ആൺ പെൺ വേർതിരിവ് ആവശ്യമില്ല എന്ന് കൂടി പറഞ്ഞു വയ്ക്കുന്നു സംവിധായിക. ആണിനും പെണ്ണിനും ഇടയിൽ സ്‌നേഹവും, ഇണക്കവും, പിണക്കവും സംഭവിക്കാമെങ്കിൽ അത് പെൺകുട്ടികൾക്ക് ഇടയിലും സംഭവിക്കാം എന്ന് മനോഹരമായി കാണിച്ചുതരുന്നുണ്ട് ഈ ചിത്രം. അസാധാരണമായ ഒന്നല്ല, മറിച്ച് സാധാരണമായ ഒന്ന് മാത്രമാണ് പെൺകുട്ടികൾക്കിടയിലെ പ്രണയമെന്ന് അടിവരയിടുന്നു ‘ന്യൂ നോർമൽ’.

അപ്പു എന്ന കഥാപാത്രത്തിന്റെ നറേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അനഘയാണ് അപ്പുവായി വേഷമിടുന്നത്. മോനിഷ മോഹൻ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചത് ജിതിനാണ്. വിനു ഉദയ് ആണ് സംഗീതം.