Kerala

സുബൈറിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല: സി.കൃഷ്ണകുമാര്‍

സുബൈറിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍. സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള തിരിച്ചടി എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം ശരിയല്ല. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. സഞ്ജിത്തിന്റെ കാര്‍ എങ്ങനെ ലഭിച്ചെന്ന് പൊലീസ് അന്വേഷിക്കണമെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.

സുബൈര്‍ വേറെയും കേസുകളില്‍ പ്രതിയാണ്. 2012ല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ്. ഇങ്ങനെ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ അത് പരിശോധിക്കേണ്ടത് പൊലീസ് ആണ്. പാലക്കാട് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുബൈറിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ടും രംഗത്തത്തി. 24 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍. പ്രതികളെ പിടികൂടാനല്ല, സംരക്ഷിക്കാനാണ് പൊലീസിന് ശ്രദ്ധ. സുബൈറിന് വധഭീഷണിയുള്ളതായി എസ്പിക്ക് പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് സി.പി.മുഹമ്മദ് ബഷീര്‍.

അതേസമയം, കൊലയാളി സംഘം ഉപയോഗിച്ചത് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ തന്നെയെന്ന് ഭാര്യ അര്‍ഷിക പറഞ്ഞു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. എന്നാല്‍ ആരാണ് കാര്‍ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും അര്‍ഷിക പറഞ്ഞു.

സഞ്ജിത്ത് മരിക്കും മുമ്പ് കാര്‍ കേടായിരുന്നു. അത് നന്നാക്കാന്‍ വര്‍ക്ക്ഷോപ്പില്‍ നല്‍കി. പിന്നീട് തിരികെ വാങ്ങിയിരുന്നില്ലെന്നും ഏത് വര്‍ക്ക്ഷോപ്പിലെന്നറിയില്ലെന്നും അര്‍ഷിക പറയുന്നു. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച മുറിവില്‍ നിന്നും മോചിതയായിട്ടില്ല. അതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നും അര്‍ഷിക കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.