Kerala

പലിശയ്ക്ക് വേണ്ടി എന്തുംചെയ്യും നവോദയ സ്വയം സഹായ സംഘം;
വീട് വിറ്റ് കടം തീർത്ത് മറ്റൊരു കുടുബം

നിരണത്തെ നവോദയ സ്വയം സഹായ സംഘം കാരണം തെരുവിലിറങ്ങേണ്ടി വന്ന് മറ്റൊരു കുടുംബം. നിരണം സ്വദേശി ബിജുവും കുടുബവുമാണ് വീട് വിറ്റ് കടം തീർത്തത്. ജോലി ചെയ്യുന്ന ഹോട്ടലിലാണിപ്പോൾ വീട് നഷ്ടപ്പെട്ട കുടുംബം കഴിയുന്നത്. പലിശ മുടങ്ങിയതോടെ ബിജുവിന്റെ ഓട്ടോറിക്ഷയും നവോദയ സംഘം പിടിച്ചു കൊണ്ടുപോയിരുന്നു. തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകൻ രാജീവിന് സ്വയംസഹായ സംഘത്തില്‍ നിന്നുള്ള കടബാധ്യതയുടെ പേരിൽ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരൻ പ്രസാദ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ആത്മഹ്യതയെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നവോദയ സ്വയം സഹായ സംഘത്തിന്റെ ക്രൂരതകൾ ഓരോന്നായി പുറത്തുവരുന്നത്.

നവോദയ സ്വയം സഹായ സംഘം പലിശയ്ക്ക് വേണ്ടി എന്തും ചെയ്യും എന്നതിന്റെ തെളിവാണ് വീട് വിറ്റ് ജോലി ചെയ്യുന്ന കടയിൽ തന്നെ താമസിക്കേണ്ടി വന്ന ബിജുവിന്റെയും കുടുബത്തിന്റെയും കഥ. പലിശ മുടങ്ങിയപ്പോൾ നവോദയ സംഘത്തിന്റെ ഭാരവാഹികൾ കുടുംബം പുലർത്താൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ പോലും പിടിച്ചു കൊണ്ട് പോയെന്ന് ബിജു പറയുന്നു. വീടിന്റെ കച്ചവടം നടന്നില്ലായിരുന്നുവെങ്കിൽ രജീവിന് മുന്നെ കുടുംബസമേതം ആത്മഹത്യ ചെയ്യുന്നത് തങ്ങളായിരുന്നുവെന്നും ഇവർ പറയുന്നു.

ഒരു കുടുംബത്തെകൂടി നോവോദയ സ്വയം സഹായ സംഘം പലിശയ്ക്ക് വേണ്ടി വഴിയാധാരമാക്കിയതിന്റെ ഉദാഹരണമാണ് ബിജു. വാങ്ങിയ പണത്തിന് പലിശ കൊടുത്തിട്ടം കൊടുത്തിട്ടും തീരാതായതോടെയാണ് ഈ കുടുംബത്തിന്കടം തീർക്കാൻ സ്വന്തം വീട് വിൽക്കേണ്ടി വന്നത്. നിലവിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയാണ് ബിജു. അതെ ഹോട്ടലിൽ തന്നെയാണ് ഭാര്യയും പ്ലസ്ടുവിന് പഠിക്കുന്ന മകനും താമസിക്കുന്നതും. നവോദയയുടെ പണം നൽകാനായി വീട് വിൽക്കൽ താമസിച്ചിരുന്നെങ്കിൽ ഭാര്യയെയും മകനെയും കൂട്ടി ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചിരുന്നതായി ബിജു വെളിപ്പെടുത്തുന്നു.

പലിശ മുടങ്ങിയതോടെ ജോലിചെയ്തിരുന്ന ഓട്ടോ റിക്ഷപോലും അവർ പിടിച്ചു കൊണ്ടു പോയി. നിരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാമ്യം നിന്ന ശേഷമാണ് മൂന്നാഴ്ച്ചയ്ക്ക് ശേഷം ഓട്ടോ വിട്ടു കിട്ടിയത്. ഓരോ ദിവസം കഴിയുന്തോറും നവോദയ സ്വയം സഹായ സംഘം തെരുവിലാക്കിയവരുടെ നിരവധി കഥകളാണ് പുറത്ത് വരുന്നത്.