കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ആരോപണവുമായി ഓഫിസേഴ്‌സ് അസോസിയേഷൻ. കെഎസ്ഇബി ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. വരുമാനം പെരുപ്പിച്ച് കാട്ടിയെന്നും ഓഫിസേഴ്‌സ് അസോസിയേഷൻ പറയുന്നു.
2021-22 ലെ എസ്റ്റിമേറ്റ് പ്രകാരം കെഎസ്ഇബി ലിമിറ്റഡിന്റെ താരിഫിൽ നിന്നുള്ള വരുമാനം 15644 കോടി രൂപയാണ്. എന്നാൽ 2022-23 കാലത്തെ താരിഫ് അനുസരിച്ചുള്ള വരുമാനം 17323 കോടി രൂപയാക്കിയാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. വരുമാനം 496 കോടി രൂപ പെരുപ്പിച്ച് കാട്ടിയെന്നാണ് പ്രധാന ആരോപണം. കെഎസ്ഇബി സിഎംഡി, ചെയർമാൻ, ഫിനാൻഷ്യൽ ഡയറക്ടർ എന്നിവർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ എക്സിക്യുട്ടീവ് എൻജിനീയറെ സസ്പെന്റ് ചെയതതിനെതിരെ നേരത്തെയും ഓഫിസേഴ്‌സ് അസോസിയേൻ ചെയർമാനെതിരെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ആരോപണം. സംഘടനകളും ചെയർമാനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മന്ത്രിതല ഇടപെടൽ വരെ നടന്നിരുന്നു.