കെഎസ്ഇബി യിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കെഎസ്ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ സമരം പരിഹരിക്കുന്നതിനായി ചെയർമാൻ ബി അശോക് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെഎസ്ഇബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. സമരക്കാരുമായി ചർച്ച നടത്തേണ്ടത് ബോർഡാണ്. അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
സംഘടന ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയർമാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്. എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫിസേഴ്സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.