Kerala

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ പൊട്ടിത്തെറിക്കൊരുങ്ങി കേരള നേതാക്കള്‍

പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ പൊട്ടിത്തെറിക്കൊരുങ്ങി കേരള നേതാക്കള്‍. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിലുള്ള പൊതുചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കാന്‍ തീരുമാനം. പ്രസ്താവനകള്‍ക്കും വാര്‍ത്താസമ്മേളനങ്ങള്‍ക്കും അപ്പുറം ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശനം. പ്രധാന വിഷയങ്ങളില്‍ പോലും ഇടപെലില്ല. ഇത്തരം സമീപനം തിരുത്തണമെന്നും പൊതുചര്‍ച്ചയില്‍ കേരളം ഉന്നയിക്കും. കേരളത്തെ പ്രതിനിധീകരിച്ച് കെ.എന്‍.ബാലഗോപാല്‍, പി.സതിദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ ഇന്നലെ ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ വിഷയവും ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നതിനുള്ള സാധ്യതയുമുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് പുനഃസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്. പോളിറ്റ് ബ്യൂറോയെ സഹായിക്കാനും സെന്ററല്‍ പാര്‍ട്ടി സ്‌കൂള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് തീരുമാനം.

അതേസമയം, സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കെ.വി.തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന് നടക്കും. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാര്‍ വേദിയില്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎം നല്‍കുന്നത് രാഷ്ട്രീയ സന്ദേശം. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുമ്പോള്‍ കൂടിയാണ് കെ.വി.തോമസിന്റെ എന്‍ട്രി. തോമസ് കോണ്‍ഗ്രസ് വിടില്ലെന്ന് ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടായാല്‍ സംരക്ഷിയ്ക്കുമെന്നാണ് സിപിഐഎം നിലപാട്. ഇന്നത്തെ സെമിനാറില്‍ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത.

കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും സിപിഐഎം പ്രവേശനം അടഞ്ഞിട്ടില്ല. ബിജെപിയ്ക്കെതിരെ പുതിയ പ്രതിപക്ഷ ഐക്യം എന്ന ചര്‍ച്ച നടക്കുമ്പോഴാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും സെമിനാറിലെത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമായി സിപിഐഎം ഐക്യം ഉറപ്പിക്കുന്നതിന്റെ സൂചന കൂടിയായി ഈ സെമിനാറിനെ കാണാം. ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

ഇന്നലെ രാത്രിയോടെ കെ.വി.തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തി. വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി.തോമസിനെ സിപിഐഎം ജില്ല സെക്രട്ടറി എം.വി.ജയരാജന്‍ നേരിട്ടെത്തി ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കൈയടിച്ചായിരുന്നു തോമസിനെ സിപിഐഎം നേതാക്കള്‍ സ്വീകരിച്ചത്. ചുവന്ന ഷാള്‍ സ്ഥിരീകരിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്നായിരുന്നു തോമസിന്റെ മറുപടി. പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും പ്രതികരിച്ചു.