കെവി തോമസിനെ പുറത്താക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.
സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെ സുധാകരന്റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചത്. എഐസിസി അംഗമായ തന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെവി തോമസ് പറഞ്ഞു. അതേസമയം അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു.