Kerala

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതി നോട്ടിസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. അപ്പീലില്‍ ബിഷപ്പിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഇരയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കോടതി വിധി തെറ്റായ രീതിയില്‍ എന്നും അപ്പീലില്‍ കന്യാസ്ത്രീ പറയുന്നു.

ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയില്‍ കോടതി വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.