എറണാകുളം ഏലൂരിലെ ഫാക്ട് ടൗൺ ഷിപ്പ് സ്കൂൾ പൂട്ടാനുള്ളനീക്കത്തിനെതിരെ സി പി ഐ എം. സ്കൂൾ നിലനിർത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന ഫാക്ട് ന് സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ഫാക്ട് മാനേജ്മെന്റിന് താത്പര്യമില്ലെങ്കിൽ ജന പങ്കാളിത്തമുള്ള ഭരണ സമിതിക്ക് കൈമാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
കെട്ടിടവും ഭൂമിയും ഒഴിയുന്നതിന് സ്കൂൾ ഭരണസമിതിക്ക് ഫാക്ട് മാനേജ്മെന്റ് നോട്ടിസ് നൽകിയതോടെ അധ്യാപകരും വിദ്യാർഥികളും പെരുവഴിയിലായി. ഫാക്ടിലെ ജീവനക്കാരുടെ സഹകരണ സംഘമാണ് സ്കൂൾ നടത്തുന്നത്. സ്കൂൾ അടച്ചുപൂട്ടുകയാണെന്നറിയിച്ച് വലിയ 4 ബോർഡുകൾ സ്കൂൾ പരിസരങ്ങളിൽ ഫാക്ട് മാനേജ്മെന്റ് സ്ഥാപിച്ച് കഴിഞ്ഞു. ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ പൂർണമായും ഒഴിപ്പിക്കുമെന്നാണ് ബോർഡിൽ അറിയിപ്പ്. 210 കുട്ടികളും 25 അധ്യാപക അനധ്യാപക ജീവനക്കാരുമുള്ള സ്കൂളാണ് ഒഴിപ്പിച്ചത്.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാണ് സ്കൂൾ, പത്താം ക്ലാസ് 100 % വിജയം. ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ വിജയികളായ കുട്ടികൾ . രണ്ട്സ്കൂൾ ബസ്. 3 സ്മാർട്ട് ക്ലാസ്, കുട്ടികൾക്ക് ലാപ്ടോപ് / ഡെസ്ക്ടോപ്പ്, മികച്ച ലൈബ്രറി എല്ലാമുണ്ട്.
എം.കെ.കെ നായർ ഫാക്ടിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നപ്പോൾ 1960 ൽ ആരംഭിച്ചതാണ് ഈ സ്കൂൾ, കല, സാഹിത്യം , സാംസ്കാരികം, രാഷ്ട്രീയം, കായികം തുടങ്ങിയ മേഖലകളിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. സംസ്ഥാന യുവജനോത്സവത്തിലും ദേശീയ കായിക മേളയിലും വെന്നികൊടി പാറിച്ച ചരിത്രമാണുള്ളത്.
2004ൽ സ്വകാര്യ മേഖലക്ക് കൈമാറിയ സ്കൂൾ തിരിച്ചെടുക്കുകയും ഫാക്ട് ജീവനക്കാർ ചേർന്ന് സ്വന്തം കൈയിലെ പണം സ്വരൂപിച്ച് രൂപം കൊടുത്ത ചാരിറ്റബിൾ സൊസൈറ്റിയാണ് സ്കൂൾ നടത്തുന്നത്. 40 ലക്ഷം രൂപ മുടക്കി നവീകരിക്കുകയും ചെയ്തു. സർവീസിലുള്ള ഫാക്ട് ജീവനക്കാരാണ് സ്കൂൾ ഭരണസമിതിയിൽ. വാടക കരാറിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കരാർ പുതുക്കിയിട്ടില്ല. പുതുക്കുമ്പോൾ കുടിശിക നൽകാൻ തയാറാണ്. എന്നിട്ടും സ്കൂൾ പൂട്ടണമെന്ന ഫാക്ടിന്റെ തീരുമാനത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണെന്നും അഭിപ്രായമുണ്ട്.