Kerala

മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതം; ഭക്ഷ്യ മന്ത്രി

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം കുറച്ചെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. സംസ്ഥാനം മണ്ണെണ്ണ വിതരണം ചെയ്യുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം അടിസ്ഥാന രഹിതമാണ്. സാമ്പത്തിക വിഹിതം വിട്ടുകിട്ടാൻ വി മുരളിധരൻ ഇടപെടുകയാണ് വേണ്ടതെന്ന് ഭക്ഷ്യ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
മണ്ണെണ്ണ വില കുത്തന കൂടുകയും ചെയ്‌തു. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിച്ചു. 59 രൂപയായിരുന്നത് 81 രൂപയാണ് ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.