Kerala

‘അവിഭാജ്യഘടകം’; ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍

കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസിയുടെ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ സ്വന്തമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പലതവണ പറഞ്ഞത് താന്‍ കേട്ടെന്നും സ്വന്തമെന്ന വാക്കിന് വലിയ അര്‍ഥമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

പോഷകസംഘടന എന്ന പദവിയേക്കാള്‍ പ്രാധാന്യം എഐസിസി ഐഎന്‍ടിയുസിക്ക് നല്‍കുന്നുണ്ടെന്ന് സുധാകരന്‍ വിശദീകരിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലുണ്ട്. മറ്റൊരു പോഷക സംഘടനയില്‍ നിന്നുള്ള പ്രതിനിധികളും വര്‍ക്കിംഗ് കമ്മിറ്റിയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോഷക സംഘടന എന്ന ലേബലില്‍ ഐഎന്‍ടിയുസി ഇല്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ഐഎന്‍ടിയുസിയെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ ആകില്ല. പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ഐഎന്‍ടിയുസിക്കാര്‍ തെറ്റിദ്ധരിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രതിപക്ഷനേതാവിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ അച്ചടക്ക ലംഘനമാണ്. വിഡി സതീശനെതിരായ വാര്‍ത്താ സമ്മേളനത്തില്‍ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി.