National

‘അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; റഷ്യയോട് നിലപാട് പറഞ്ഞ് പ്രധാനമന്ത്രി

സമാധാനം പുനസ്ഥാപിക്കാനായി ഏതു വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മോദി-ലാവ്‌റോവ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. നരേന്ദ്രമോദിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ഒരു സന്ദേശമുണ്ടെന്ന് ലാവ്‌റോവ് സൂചിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച നടക്കുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിലെടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ-ഇന്ത്യ കൂടിക്കാഴ്ച നിരാശാജനകമെന്നാണ് അമേരിക്ക പ്രതികരിച്ചത്.