സെക്കന്തരാബാദിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സെക്കന്തരാബാദിലെ ബോയ്ഗുഡ ആക്രിക്കടയിലാണ് തീപിടിത്തം. അപകടത്തിൽ 11 പേര് വെന്തു മരിച്ചു. ഷോപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടര്‍ന്ന് ഗോഡൗണിന്റെ ഭിത്തി ഇടിഞ്ഞു വീണത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. തീപിടുത്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഗാന്ധി നഗര്‍ പൊലീസ് ഓഫീസര്‍ മോഹന്‍ റാവു പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കേന്ദ്രങ്ങൾ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ആറ് ഫയർ എഞ്ചിനുകൾ വേണ്ടിവന്നു.