Kerala

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ല; സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി

കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെ എസ് ഇ ബി ചെയർമാൻ പറഞ്ഞിട്ടില്ല. നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻ‌കൂർ അംഗീകാരം വേണമെന്ന വ്യവസ്ഥയില്ല. താരിഫിൽ ചെലവ് ഉൾപ്പെടുത്താനാണ് അനുമതി വേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയമസഭയിൽ രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. ആറായിരത്തോളം പേരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി.

കൂടാതെ വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. അതേ സമയം ആറ് മണി മുതല്‍ പത്ത് മണി വരെയുള്ള വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി അറിയിച്ചു.

വേനല്‍ ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുത ഉപയോഗം സര്‍വകാല റെക്കോഡിലെന്നാണ് കണക്കുകള്‍. എന്നാല്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഇത്തവണ വെള്ളം വളരെ സൂക്ഷിച്ചാണ് ഉപയോഗിച്ചത്. ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ടെന്നും മന്ത്രി പറഞ്ഞു. പീക്ക് അവറില്‍ വൈദ്യുതിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വൈദ്യുതി നിയന്ത്രണമോ പവര്‍ക്കട്ടോ നടപ്പാക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.