ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്.
പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി; സി.പി.എം നേതാക്കള്‍ മൈക്ക് ഓഫ് ചെയ്യിച്ചു’ ഇതാണ് വാര്‍ത്തയുടെ കാതലെങ്കിലും പല മാധ്യമങ്ങളും അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലുള്ള എഡിറ്റോറിയല്‍ പ്രസംഗങ്ങളും അതിനൊപ്പം നടത്തുന്നുണ്ട്.
ആ സംഭവം ആദ്യാവസാനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് അതിലെ വസ്തുത പറയാനാണ് ആഗ്രഹിക്കുന്നത്. രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്. 9.30 യോട് കൂടി തന്നെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് എത്തി. അപ്പോള്‍ മുതല്‍ ഞാനടക്കമുള്ള വാര്‍ത്താസംഘം അവിടെയുണ്ട്. പൊതുയോഗം ആരംഭിക്കുന്നതിന് മുന്നോടിയായി വേദിയില്‍ പ്രവര്‍ത്തകരെ പിടിച്ചിരുത്താന്‍ ഓട്ടംതുള്ളല്‍ നടന്നു. 10 മണിയോടെ വേദി നിറഞ്ഞു. സ്വാഗത പ്രസംഗം ആരംഭിക്കുന്നത് വരെയോ അതിന് ശേഷമോ ഉത്സവം നടക്കുന്ന തൊട്ടടുത്തുള്ള മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും ഒന്നും കേട്ടിരുന്നില്ല എന്ന് പ്രത്യേകം പറയട്ടെ.
10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ പുറത്ത് നിന്ന് റെക്കോര്‍ഡ് ചെയ്ത നാമജപം സ്പീക്കറില്‍ ഉച്ചത്തില്‍ കേട്ടു. ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പരിപാടി തുടരാന്‍ കഴിയാത്ത നിലയായി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കള്‍ മറുപടി നല്‍കി. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പുറത്തേക്ക് പോയി. മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് തിരിച്ച് വച്ച സ്പീക്കറിന്റെ വൈദ്യുതി പ്രവര്‍ത്തകര്‍ വിഛേദിച്ചു അത് വസ്തുതയാണ്. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകനെ ഇതിനിടെ ഇടത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത്രയുമാണ് അവിടെ ഉണ്ടായത്.
ഭദ്രകാളി ക്ഷേത്രത്തില്‍ ഒരിക്കലുമില്ലാത്തവിധം അയ്യപ്പസ്തുതി ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് എന്തിനെന്നൊന്നും ചോദിക്കുന്നില്ല. അത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്.
അറിഞ്ഞ മറ്റൊരു കാര്യം കൂടി. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസ് ക്ഷേത്രഭാരവാഹികളോട് സംസാരിക്കുകയും മുഖ്യമന്ത്രി വന്ന് പോകുന്നത് വരെ അത്യാവശ്യമില്ലെങ്കില്‍ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് നേരത്തേക്ക് സൌണ്ട് ഓഫാക്കി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പ്രദേശത്തെ എല്‍.ഡി.എഫ് നേതാക്കളും പറയുന്നു. അവരത് അംഗീകരിച്ചതുമാണ്. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്ക് അപ്രതീക്ഷിതമായി അതിശബ്ദത്തില്‍ ശരണംവിളി ഉയര്‍ന്നുകേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി വരുന്നതിന് മുന്‍പ് കേള്‍ക്കാതിരുന്ന നാമജപം മുഖ്യമന്ത്രി വന്നപ്പോള്‍ മാത്രം കേട്ടത് എന്തെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമാണോയെന്നും നേതാക്കള്‍ സംശയിക്കുന്നുണ്ട്.