ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. അത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന് വക്താവ് വ്യക്തമാക്കി.
വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി ദുരൈ മുരുകന്റെ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത വന്‍ തുക പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.