ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റർ, എമർജൻസി, റിക്കവറി വാർഡ് എന്നിവ പൂർണമായും കത്തിനശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 113 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.
ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തലുണ്ട്. ആശുപത്രിയിലെ എമർജൻസി ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടപ്പോൾ രോഗികൾക്കൊപ്പം ബന്ധുക്കളും പുറത്തേക്ക് ഓടി. ആശുപത്രി ജീവനക്കാരും സമീപവാസികളും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഉടൻതന്നെ അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. തീ അണയ്ക്കുന്ന ജോലി രാത്രി വൈകിയും തുടർന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് എമർജൻസി തിയറ്ററിലുണ്ടായ തീപിടിത്തത്തിന് കാരണമെന്നും അവിടെ നിന്നാണ് മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 38 രോഗികളെ ശ്രീ മഹാരാജ ഹരി സിങ്ങിലേക്കും 18 പേരെ ജെവിസി ആശുപത്രിയിലേക്കും മാറ്റി. നിസാര പരുക്കേറ്റ രോഗികളെ ബന്ധുവീടുകളിലേക്ക് അയച്ചു.