അയർലൻഡിനെതിരായ ടി-20 പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീം കളിക്കുമെന്ന് റിപ്പോർട്ട്. ജൂൺ 26, 28 തീയതികളിലാവും മത്സരം. ഇംഗ്ലണ്ടിൽ നേരത്തെ മാറ്റിവച്ച ടെസ്റ്റ് ജൂലായ് ഒന്നിന് ആരംഭിക്കുന്നതിനാലാണ് അയർലൻഡിലേക്ക് രണ്ടാം നിര ടീമിനെ അയക്കുക. ടി-20 പരമ്പരയുടെ കാര്യം അയർലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെ അറിയിച്ചു.
ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യക്കുള്ളത് അയർലൻഡിനെ കൂടാതെ മൂന്ന് വിദേശ പര്യടനങ്ങളാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ പര്യടനങ്ങളാണ് ഇന്ത്യക്കുള്ളത്. ഇതിനിടെ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കും. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനവും ഇതിനിടെയുണ്ട്.
ശ്രീലങ്കക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഐപിഎൽ നടക്കും. ഐപിഎലിനു ശേഷം ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യൻ പര്യടനത്തിനായി എത്തും. അഞ്ച് ടി-20 മത്സരങ്ങളാണ് ഈ പര്യടനത്തിൽ ഉള്ളത്. ഇതിനു ശേഷമാണ് വിദേശ പര്യടനങ്ങൾ ആരംഭിക്കുന്നത്.
അതേസമയം, മൊഹാലിയിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികളെ അനുവദിക്കും. മുൻ നായകൻ വിരാട് കോലിയുടെ നൂറാം ടെസ്റ്റാണ് ഇത്. പ്രിയ താരത്തിന് പിന്തുണയേകാൻ ആരാധകർ ഗ്യാലറിയിലെത്തും. മത്സരത്തിൽ 50% കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. മൊഹാലി ടെസ്റ്റിന്റെ ടിക്കറ്റുകൾ നാളെ മുതൽ ഓൺലൈൻ ആയി ലഭ്യമാകും. കോഹ്ലിയുടെ നൂറാം ടെസ്റ്റ് രോഹിത് ശർമ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്. 2011 ജൂണിൽ ജമൈയ്ക്കയിൽ വെസ്റ്റിൻഡീസിനെതിരേയായിരുന്നു കോലിയുടെ അരങ്ങേറ്റം.
മത്സരത്തിൽ കാണികളെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻറെ നിലപാട്. എന്നാൽ അസോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ചതായും ജയ് ഷാ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ത്യ മൊഹാലിയിൽ കളിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ബെംഗളൂരുവിൽ സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു.