India

നവീന്റെ മരണം അന്വേഷിക്കും; ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യൻ സ്ഥാനപതി

യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണം അന്വേഷിക്കുമെന്ന് റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് . യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യക്കാരുടെ റഷ്യൻ അതിർത്തി വഴിയുള്ള രക്ഷാദൗത്യം പരിഗണനയിലാണ്. സംഘർഷ മേഖലയിലെ ഇന്ത്യൻ പൗരന്മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സുരക്ഷിത പാത ഉടൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ സ്ഥാനപതി ഡെനിസ് അലിപോവ് വ്യക്തമാക്കി. നവീൻ്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ.

ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്. യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചു.