Kerala

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്: വി.ഡി.സതീശന്‍

ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന്
വി.ഡി. സതീശന്‍. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഞങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസിയുടെ അനുമതിയുണ്ട്.പരാതിയും പരിഭവവും സ്വാഭാവികമെന്നും സതീശന്‍ പറഞ്ഞു.

പുനഃസംഘടന നിര്‍ത്തിവച്ചതില്‍ വലിയ അതൃപ്തിയിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും. അടിത്തട്ടില്‍ സംഘടനയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നതാകും നടപടി. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ തീരുമാനം തിരുത്തണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍.പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ.രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് എംപിമാരുടെ ആരോപണം. നടപടി നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം താരിഖ് അന്‍വര്‍ കെ.സുധാകരന് കൈമാറിയിരുന്നു.

കെപിസിസി പുനഃസംഘടനയില്‍ കെ.സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. പുനഃസംഘടനയെ എതിര്‍ക്കുന്നവര്‍ സ്ഥാപിത താത്പര്യക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.സുധാകരന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുനഃസംഘടനയോട് സഹകരണ മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കെപിസിസി ഓഫിസിലാണ് ഇരുവരും കണ്ടത്. കന്റോണ്‍മെന്റ് ഹൗസിലെ ‘റെയ്ഡ് വിവാദ’ത്തിനു ശേഷം പുനഃസംഘടന സംബന്ധിച്ച് ഇരുവരുടെയും ആദ്യ ആശയവിനിമയമായിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയില്‍ കെപിസിസി നേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്ന വികാരം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച.

രണ്ടായാഴ്ച മുമ്പ് 14 ഡിസിസികളില്‍നിന്ന് എത്തിച്ച ഭാരവാഹികളുടെ കരട് പട്ടിക കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിച്ചുരുക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട ഈ പ്രക്രിയ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ചര്‍ച്ച ആരംഭിച്ചത്. പട്ടിക സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി കെപിസിസി പ്രസിഡന്റ് നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഓരോ ജില്ലയിലും അവരുടെ താത്പര്യം മനസിലാക്കാനായിരുന്നു ചര്‍ച്ച. അതിനുശേഷമാണ് ജില്ലകളില്‍നിന്ന് എത്തിച്ച കരട് പട്ടികയില്‍ വെട്ടിച്ചുരുക്കല്‍ നടത്തിയത്.