Kerala

പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്. നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് പരാതിപ്പെട്ടത്. കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നത് അനർഹർക്കെന്ന് എം പി മാരുടെ ആരോപണം. നടപടി നിർത്തിവയ്ക്കാനുള്ള നിർദേശം താരിഖ് അൻവർ കെ സുധാകരന് കൈമാറി.

ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങൾക്കിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കെപിസിസി ഓഫിസിലാണ് ഇരുവരും കണ്ടത്. കന്റോൺമെന്റ് ഹൗസിലെ ‘റെയ്ഡ് വിവാദ’ത്തിനു ശേഷം പുനഃസംഘടന സംബന്ധിച്ച് ഇരുവരുടെയും ആദ്യ ആശയവിനിമയമായിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയിൽ കെപിസിസി നേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്ന വികാരം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച.