World

ആക്രമണം അവസാനിപ്പിക്കും വരെ രാജ്യത്തെ സംരക്ഷിക്കും; യുക്രൈൻ

യുക്രൈനെ സഹായിക്കണമെന്ന് അപേക്ഷിച്ച് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. രാജ്യത്തെ ഒറ്റയ്ക്കാണ് പ്രതിരോധിക്കുന്നത്. റഷ്യയ്ക്ക് മേലുള്ള ഉപരോധം സഹായകരമല്ല. ക്രൂരമായ ആക്രമണം തടയാൻ പാശ്ചാത്യ സഖ്യകക്ഷികൾ ഇടപെടണം. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യുദ്ധം നിർത്തും വരെ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഒറ്റയ്ക്ക് പ്രതിരോധിക്കുകയാണ്. ലോകത്തിലെ വൻ ശക്തികൾ ദൂരെ നിന്ന് എല്ലാം വീക്ഷിക്കുന്നു. ഇന്നലത്തെ ഉപരോധം റഷ്യയ്ക്ക് ബോധ്യപ്പെട്ടോ? ഇല്ലെന്നാണ് ഞങ്ങൾ ആകാശത്തും ഭൂമിയിലും നിന്ന് കേൾക്കുകയും കാണുകയും ചെയ്യുന്നുത്” രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെൻസ്‌കി പറഞ്ഞു. യുക്രൈൻ തലസ്ഥനമായ കീവിൽ ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ ആക്രമണങ്ങൾ സെലെൻസ്കി സ്ഥിരീകരിച്ചു.

“പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് സെലെൻസ്‌കി പറഞ്ഞു. സൈനിക സൈറ്റുകളും സിവിലിയൻ സൈറ്റുകളും ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണമല്ല തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലേക്കാണ് അവർ ഇന്ന് വ്യോമാക്രമണം നടത്തിയത്.” – സെലെൻസ്കി പറഞ്ഞു.

“ശത്രുത എങ്ങനെ അവസാനിപ്പിക്കാമെന്നും ഈ അധിനിവേശം എങ്ങനെ അവസാനിപ്പിക്കാമെന്നും റഷ്യക്ക് താമസിയാതെ ഞങ്ങളോട് സംസാരിക്കേണ്ടി വരും. ചർച്ച എത്രയും വേഗം ആരംഭിക്കുന്നുവോ അത്രയും ചെറുതായിരിക്കും റഷ്യയുടെ നഷ്ടം. ആക്രമണം അവസാനിക്കുന്നതുവരെ ഞങ്ങൾ നമ്മുടെ രാജ്യത്തെ സംരക്ഷിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.

തലസ്ഥാനത്ത് ആക്രമണം ശക്തമാകുമെന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. തലസ്ഥാനം വിട്ടുപോകാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഇപ്പോൾ റഷ്യയുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.