National

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളുടെ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്‌കറിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല.

നേരത്തെ ഫെബ്രുവരി 18ന് ഇഖ്ബാൽ കസ്‌കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതി വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ മുംബൈയിലെ വസതിയിൽ ഈ മാസം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

മുംബൈയിലെ അധോലോകവുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നിരവധി സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഈ തെരച്ചിൽ നടക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവ് നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.