ഐപിഎലിലെ പുതിയ രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. എന്നാൽ, തുടക്കക്കാരൻ്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ലക്നൗ ടീം ലേലത്തിൽ ഇടപെട്ടത്. ഗൗതം ഗംഭീറിലെ സമർത്ഥനായ ക്രിക്കറ്റ് ബ്രെയിൻ ലക്നൗവിൻ്റെ ലേലത്തിൽ തെളിഞ്ഞുകണ്ടു. ലോകേഷ് രാഹുലിനെ ലേലത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തി ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാക്കിയ ലക്നൗ യുവ സ്പിന്നർ രവി ബിഷ്ണോയ്, ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നീ മികച്ച രണ്ട് താരങ്ങളെക്കൂടി ക്യാമ്പിലെത്തിച്ചു. ലേലത്തിലും സമർത്ഥമായി ഇടപെടാൻ ലക്നൗവിനു സാധിച്ചു. (ipl lucknow super giants)
മനീഷ് പാണ്ഡെ, ക്വിൻ്റൺ ഡികോക്ക്, ജേസൻ ഹോൾഡർ, ദുഷ്മന്ത ചമീര, അവേഷ് ഖാൻ, കൃണാൽ പാണ്ഡ്യ എന്നിവരാണ് ലക്നൗവിൻ്റെ വാങ്ങലുകളിൽ ഏറെ ശ്രദ്ധേയം. 4.60 കോടി രൂപയാണ് മനീഷ് പാണ്ഡെയ്ക്കായി ലക്നൗ ചെലവഴിച്ചത്. മികച്ച ഒരു പർച്ചേസ്. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലുമൊക്കെ സ്ഥിരതയോടെ കളിക്കുന്ന താരം. മത്സരപരിചയവും കോപ്പിബുക്ക് ഷോട്ടുകളും കൈമുതലായുള്ള മികച്ച ഒരു മൂന്ന്/നാല് നമ്പർ താരം. ഒന്നാംതരം ഫീൽഡർ. എങ്ങനെ നോക്കിയാലും മനീഷ് പാണ്ഡെ ഒരു അസാമാന്യ ക്രിക്കറ്ററാണ്. 143 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 122 സ്ട്രൈക്ക് റേറ്റിൽ 3560 ആണ് പാണ്ഡെയ്ക്കുള്ളത്. രാജ്യാന്തര ടി-20യിൽ 33 ഇന്നിംഗ്സുകളിൽ കളിച്ച പാണ്ഡെ 126 സ്ട്രൈക്ക് റേറ്റിൽ നേടിയത് 709 റൺസ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഒപ്പം കൂട്ടാൻ മുൻ ടീം ഹൈദരാബാദ്, ഡൽഹി എന്നിവരൊക്കെ ശ്രമിച്ചെങ്കിലും വിജയിച്ചത് ലക്നൗ ആണ്. കഴിഞ്ഞ സീസണുകളിൽ 11 കോടി രൂപയ്ക്കാണ് പാണ്ഡെ ഹൈദരാബാദിൽ കളിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡികോക്കിനെ 6.75 കോടി രൂപയ്ക്കാണ് ലക്നൗ ടീമിലെത്തിച്ചത്. പാണ്ഡെയെപ്പോലെ മറ്റൊരു മികച്ച താരം. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ. ഐപിഎലിലും രാജ്യാന്തര മത്സരങ്ങളിലും മികച്ച പ്രകടനങ്ങളും മത്സരപരിചയവും. ദേശീയ ടീമിനെ നയിച്ചുള്ള പരിചയം. ഡികോക്കും വളരെ മികച്ച ഒരു വാങ്ങലാണ്. 77 ഐപിഎൽ ഇന്നിംഗ്സുകളിൽ നിന്ന് 131 സ്ട്രൈക്ക് റേറ്റിൽ 2256 റൺസ് ആണ് ഡികോക്കിൻ്റെ സമ്പാദ്യം. രാജ്യാന്തര ടി-20യിൽ 61 ഇന്നിംഗ്സുകൾ കളിച്ച ഡികോക്ക് 135 സ്ട്രൈക്ക് റേറ്റിൽ 1827 റൺസ് നേടി. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഡികോക്കിനായി ചെന്നൈയും മുംബൈയും ഡൽഹിയും ശ്രമിച്ചെങ്കിലും ലക്നൗ വിട്ടുകൊടുത്തില്ല. കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു ഡികോക്ക്.