ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മോഹന്‍ ബഗാന് ഇന്ന് ജയിച്ചാല്‍ ഒന്നമതെത്താം. അതേസമയം നാലാം സ്ഥാനത്ത് ഉള്ള ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്സിയെ പിന്തള്ളി മൂന്നാമതെത്താം. ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക.
നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന് വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന് ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നത്.