സിൽവർ ലൈൻ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റിയത്. സർവേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു.
സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ലെന്നായിരുന്നു ഉത്തരവ്.
ഇതിനിടെ സിൽവർലൈൻ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. പദ്ധതിക്കായുള്ള കേന്ദ്രസർക്കാർ അനുമതി പ്രതീക്ഷിക്കുന്നതായി ഗവർണർ പറഞ്ഞു.
സൗകര്യപ്രദമായ യാത്രയ്ക്കാണ് സിൽവർലൈൻ. പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കുമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ വ്യവസായ നിക്ഷേത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.