Kerala

‘6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ല’; കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രം നൽകേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവർണർ. ( governor criticizes central govt )

സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസർക്കാർ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാൻസ് കമ്മീഷൻ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവർണർ പറഞ്ഞു. സൗജന്യമായി വാക്‌സിൻ നൽകാനായെന്നും ഗവർണർ പറഞ്ഞു. കൊവിഡ് പോരാൡകൾക്ക് അഭിവാദ്യമർപ്പിച്ചു.

’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേർക്കും വാക്‌സിൻ നൽകാനായി. നീതി ആയോഗ് കണക്കുകളിൽ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയിൽ കേരളം മുന്നിലാണ്’- ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

നൂറുദിന കർമ പരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കിയെന്നും ഗവർണർ പറഞ്ഞു. 2011 ലെ ഭവന നിർമാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംഗ് പോളിസിയിൽ മാറ്റം വരുത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചു. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ നടപടികൾ ആവിഷ്‌കരിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.

ഇന്ന് രാവിലെ 9 മണിയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഗവർണർ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ് ഇറങ്ങിപ്പോയി.