Entertainment

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

അഭിനയിച്ച സിനിമകളിലെല്ലാം കോട്ടയം പ്രദീപ് ശ്രദ്ധ നേടിയെടുത്തത് ചെറു ഡയലോഗുകളിലൂടെയാണ്. ഒരു പക്ഷേ മറ്റാര് ചെയ്താലും സാധാരണ ശൈലിയിലെ ഡയലോഗ് ഡെലിവറി ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളാണ് കോട്ടയം പ്രദീപ് വേറിട്ടതാക്കിയത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോൾ ‘ഫിഷുണ്ട്, ചിക്കനുണ്ട്’ പോലുള്ള തികച്ചും സാധാരണയായ ഒരു ഡയലോഗിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ കോട്ടയം പ്രദീപിന് മാത്രമേ കഴിയുള്ളു. ( kottayam pradeep film entry story )

സ്‌കൂൾ പഠന കാലം മുതൽ നാടകത്തിലൂടെയും മറ്റും അഭിനയത്തിൽ സജീവമായിരുന്ന പ്രദീപ് എന്നാൽ വെള്ളിത്തിരയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലിഫിലിമിൽ ബാലതാരതങ്ങളെ വേണമെന്നറിഞ്ഞ് മകനുമൊത്ത് സെറ്റിലെത്തിയതായിരുന്നു പ്രദീപ്. എന്നാൽ ആ ടെലിഫിലിമിൽ മകനല്ല മറിച്ച് മറ്റൊരു മുതിർന്ന വേഷത്തിലേക്ക് കോട്ടയം പ്രദീപിന് നറുക്ക് വീഴുകയായിരുന്നു.

പത്താം വയസ്സിലാണ് അദ്ദേഹം ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എൻ.എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിലൂടെ തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സർക്കാർ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി.