Kerala

വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്

വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് വീണ്ടും പ്രതിഷേധരംഗത്തേക്കിറങ്ങുന്നത്.നിയമസഭ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരപരിപാടികളാണ് മൂന്നാം ഘട്ടത്തില്‍ സംഘടിപ്പിക്കുക. ( muslim league waqf board )

പഞ്ചായത്ത്,മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സമരസംഗമങ്ങള്‍,നിയമസഭ മാര്‍ച്ച് എന്നിങ്ങനെയാണ് ലീഗിന്റെ മൂന്നാംഘട്ട പ്രതിഷേധപരിപാടികള്‍.18ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. നേരത്തെ കൊവിഡ് വ്യാപനസാഹചര്യത്തിലാണ് പൊതുപരിപാടികള്‍ നിര്‍ത്തിവച്ചത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം.

വിഷയത്തില്‍ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മറ്റിയുമൊത്താണ് ആദ്യഘട്ട സമരം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ലീഗ് സ്വന്തം നിലക്ക് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണസമ്മേളനം സംഘടിപ്പിക്കുകയായിരുന്നു.സര്‍ക്കാര്‍ സമസ്തയടക്കമുളള സംഘടനകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി പരിഹാരം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തീരുമാനം പിന്‍വവലിക്കുന്നതടക്കമുളള കാര്യങ്ങള്‍ പുരോഗതി ഉണ്ടായിട്ടില്ല,ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് വീണ്ടും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്.