Sports

പ്രൈം വോളി; കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി ഹൈദരാബാദ് ബ്ലാക്ഹോക്സ്

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ഹോക്സ് മൂന്നാം ജയം കുറിച്ചു. 15-8, 13-15, 15-9, 15-12, 8-15 എന്ന സ്‌കോറിനാണ് ജയം. ഹൈദരാബാദിന് രണ്ട് പോയിന്റ് ലഭിച്ചു. തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്റെ എസ്.വി.ഗുരു പ്രശാന്ത് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍തന്നെ ബ്ലാക്ഹോക്സ് 64ന് ലീഡ് നേടി. ഗുരു പ്രശാന്ത് മിന്നും സ്പൈക്കിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. അമിത് ഗുലിയ, ഇ.ജെ.ജോണ്‍ ജോസഫ് എന്നിവരും ബ്ലാക് ഹോക്സിനായി തിളങ്ങി. പിന്നാലെ ലൂയിസ് അന്റോണിയോ അരിയാസിന്റെ തകര്‍പ്പന്‍ ബ്ലോക്കില്‍ അവര്‍ 116ന് ലീഡ് നേടി. ഒടുവില്‍ 15-8ന് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ കെ രാഹുലും മാത്യു അഗസ്റ്റും തകര്‍പ്പന്‍ സ്പൈക്കിലൂടെ തണ്ടര്‍ബോള്‍ട്ടിന് 9-8ന് ലീഡ് നല്‍കി. എന്നാല്‍ പ്രശാന്തിന്റെ തകര്‍പ്പന്‍ സ്മാഷ് ബ്ലാക്ക് ഹോക്സിന് ഒരു സൂപ്പര്‍ പോയിന്റ് നല്‍കി. 12-11 ന് ലീഡും നേടി. പിന്നാലെ ഒരു സൂപ്പര്‍ പോയിന്റ് നേടി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ലീഡ് തിരിച്ചുപിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഗസ്റ്റിന്റെ മികവിലൂടെ തണ്ടര്‍ബോള്‍ട്ട് 15-13ന് സെറ്റ് നേടി.
മൂന്നാം സെറ്റില്‍ ബ്ലാക് ഹോക്സ് തിരിച്ചുവന്നു. പ്രശാന്തിന്റെ മികവില്‍ 50ന് ലീഡ്. ഗൂലിയയും ജോസഫും മിന്നിയതോടെ 11-5ന് ഹൈദരാബാദ് ആധിപത്യം കാട്ടി. പിന്നാലെ 159ന് സെറ്റ് സ്വന്തമാക്കി 21ന് ലീഡ്നേടുകയും ചെയ്തു.

നാലാം സെറ്റില്‍ മികച്ച തുടക്കം കിട്ടി അവര്‍ക്ക്. 63ന് മുന്നില്‍. കൊല്‍ക്കത്തയുടെ അനു ജയിംസ് തകര്‍പ്പന്‍ സ്പൈക്ക് പുറത്തെടുത്തെങ്കിലും ബ്ലാക്ക് ഹോക്സ് 11-9ന് ലീഡ് നിലനിര്‍ത്തി. ശേഷം, പ്രശാന്തിന്റെ മറ്റൊരു ഗംഭീരമായ സ്‌പൈക്ക് ബ്ലാക്ഹോക്സിന് നാലാം സെറ്റും നല്‍കി( 15-12).
അവസാന സെറ്റില്‍ തണ്ടര്‍ബോള്‍ട്ട് ആഞ്ഞുശ്രമിച്ചു. 8-5ന് മുന്നില്‍. വിനിത് കുമാര്‍ ഒരു തകര്‍പ്പന്‍ സ്പൈക്കിലൂടെ ലീഡ് നല്‍കി.മാത്യു അഗസ്റ്റ് മിന്നുന്ന ബ്ലോക് നടത്തി. അവസാന സെറ്റ് 15-8ന് തണ്ടര്‍ബോള്‍ട്ട് സ്വന്തമാക്കി.
അഞ്ച് മത്സരങ്ങളില്‍ മൂന്നാംജയമാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന്. ബുധന്‍ വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ചെന്നൈ ബ്ലിറ്റ്‌സുമായി ഏറ്റുമുട്ടും.