കായികരംഗത്ത് നിന്നും വിരമിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി പോലും പിതൃത്വ അവധി എടുത്തിരുന്നു. താനും കുടുംബമായി സമയം ചെലവഴിക്കാനും മറ്റ് വ്യക്തിപരമായ കാരണത്താലും അവധിയിലാണ്. രഞ്ജി ട്രോഫിയിൽ നിന്ന് ഇടവേള എടുത്തതിൽ എന്തിനാണ് ചോദ്യങ്ങൾ ഉയരുന്നതെന്നും സാഹ ചോദിച്ചു.
വിരമിക്കൽ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റുള്ളവർക്ക് അതിൽ പങ്കില്ലെന്നും സാഹ കൂട്ടിച്ചേർത്തു. “വ്യക്തമായി പറയട്ടെ, എന്നെ ശ്രീലങ്കൻ പരമ്പരയിലേക്ക് തെരഞ്ഞെടുത്തില്ലെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ല. ഇവ വ്യക്തിപരമായ തീരുമാനങ്ങളാണ്. വിരാട് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതുപോലെ എന്റെ വിരമിക്കൽ എന്റെ വ്യക്തിപരമായ തീരുമാനമായിരിക്കും. എല്ലാവർക്കും ഒരു തുടക്കവും അവസാനവുമുണ്ട്.” സാഹ പറഞ്ഞു.
“ആളുകൾ പറയുന്നത് കൊണ്ട് ഞാൻ വിരമിക്കില്ല. ടീമിന് എന്റെ പ്രകടനം ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ ഒഴിവാക്കാം, ഞാൻ അംഗീകരിക്കുന്നു.” സാഹ കൂട്ടിച്ചേർത്തു. 2010-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 49 അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രം പങ്കെടുത്ത സാഹ, ടെസ്റ്റുകളിലും ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2014ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം.