India

യു.പി തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പ്രചരണത്തിന്റെ കൊട്ടികലാശം ഇന്ന്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചരണത്തിന്റെ കൊട്ടികലാശം ഇന്ന് . ഒൻപതു ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് പ്രചരണം അവസാനിക്കുക.

സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നി ജില്ലകൾ പതിനാലാം തിയതിയാണ് ബൂത്തിൽ എത്തുന്നത്. ഇന്ന് പ്രചരണം തീരുന്ന സാഹചര്യത്തിൽ ദേശീയ നേതാക്കളെ തന്നെ അണിനിരത്തിയുള്ള പ്രചരണ പരിപാടികളാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും അടക്കമുള്ളവർ ബിജെപിക്ക് വേണ്ടി പ്രചരണ രംഗത്തെത്തും. അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധിയും മായാവതിയും ഇന്നും വിവിധ മേഖലകളിൽ പ്രചരണ പരിപാടികളുടെ ഭാഗമാകുന്നുണ്ട് .

ഇന്ന് പ്രചരണം അവസാനിക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷ കൂടുതൽ കർശനമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്മി നരേൻ തുടങ്ങിയ മന്ത്രിമാർ വിധി ആദ്യഘട്ടത്തിൽ ജനവിധി തേടി.