India

‘യുപി തെരഞ്ഞെടുപ്പിനിടയില്‍ ജാമ്യം’; 

ലഖിംപൂര്‍ ഖേരി കൊലപാതകത്തില്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിനെ അപലപിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ സഹോദരന്‍. ലഖിംപൂര്‍ ഖേരിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രമണും നാല് കര്‍ഷകരും ഉള്‍പ്പെടെ 8 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.

ഈ മാസം 10നാണ് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിച്ച നടപടി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എന്ന് സൂചിപ്പിച്ചാണ് രമണിന്റെ സഹോദരന്‍ രാവണ്‍ കശ്യപ് പ്രതികരിച്ചത്. തങ്ങളുടെ അപ്പീല്‍ ഹൈക്കോടതി ചെവികൊണ്ടില്ലെന്നും തുടര്‍വാദം കേള്‍ക്കാനുള്ള അപേക്ഷ തള്ളിയെന്നും രാവണ്‍ ആരോപിച്ചു.

‘എങ്കിലും സര്‍ക്കാരും അധികാരത്തിലിരിക്കുന്നവരും നന്നായി സമ്മര്‍ദത്തിലായി. ഇനിയും ഞങ്ങള്‍ നീതിക്ക് വേണ്ടി പോരാടും. ഭരണകര്‍ത്താക്കള്‍ നിയമത്തെ മുതലെടുത്തെന്നും അതിന്റെ ആഘാതം തെറ്റുചെയ്തവര്‍ അനുഭവിക്കുമെന്നും രാവണ്‍ കശ്യപ് പ്രതികരിച്ചു.

‘തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കുറ്റക്കാരായവര്‍ക്ക് ശക്തമായ മറുപടി നല്‍കും. തെരഞ്ഞെടുപ്പിന് ശേഷം അധികാരം മാറിയാല്‍ കേസില്‍ കൃത്രിമം കാണിക്കാനാകില്ലെന്ന ഭീതിയിലാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിമിഷം ജാമ്യം നല്‍കിയത്’ രാവണ്‍ ആരോപിച്ചു.

സാധന പ്രൈം ന്യൂസ് എന്ന പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപ് ലഖിംപൂര്‍ ഖേരി ജില്ലയില്‍ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. അക്രമത്തിനിടെ പരിക്കേറ്റ രമണ്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്