India

കേരളത്തിനെതിരായ യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം: ചര്‍ച്ചയാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ നോട്ടീസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ പരാമര്‍ശത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപിയാണ് നോട്ടീസ് നല്‍കിയത്. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യു.പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് യോഗി പറഞ്ഞത്. ഇതിന് പിന്നാലെ കേരളത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ നിരവധി പേര്‍ യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ആശ്ചര്യകരമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതാകട്ടെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍ പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.