മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. രാവിലെ ബാബുവിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടക്കുകയെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു.
ഇന്നലത്തെ പരിശോധനയിൽ ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാർ പറഞ്ഞു. എന്നാൽ രണ്ടു ദിവസത്തോളം ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പൂർണമായും ഭേദമായാലേ ആശുപത്രി വിടാനാകൂ. ബാബുവിന് കൗൺസലിംഗ് ഉൾപ്പടെ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.
രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊർജസ്വലനായിരുന്ന ബാബു എന്നാൽ വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇന്നലെ ബാബു അറിയിച്ചു. ഉമ്മയോട് സംസാരിച്ചുവെന്നും നന്നായി ഉറങ്ങിയെന്നും ബാബു വ്യക്തമാക്കി. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു.
നേരത്തെ ബാബുവിനെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നടപടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് ബാബുവിന്റെ ഉമ്മ നന്ദി പറഞ്ഞു. തങ്ങളെ ബുദ്ധിമുട്ടിക്കാതെ കേസിൽ നിന്ന് ഒഴിവാക്കിയ മന്ത്രിക്ക് കോടാനുകോടി നന്ദിയെന്നാണ് ബാബുവിന്റെ ഉമ്മ റഷീദ പ്രതികരിച്ചത്. കേസെടുത്തേയ്ക്കും എന്ന വാർത്തകൾ അറിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുണ്ടായതായും അവർ പറഞ്ഞു. ഈ പ്രശ്നത്തിന്റെ പേരിൽ ബാബുവിനെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്. കേസെടുക്കുന്നതിനോട് പൊതു സമൂഹത്തിന് യോജിപ്പില്ല. അതേ നിലപാടിനൊപ്പം തന്നെയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.