India

കൊവിഡ് കുറയുന്നു; ഹിമാചൽ പ്രദേശിൽ രാത്രി കർഫ്യൂ പിൻവലിച്ചു

ഹിമാചൽ പ്രദേശിൽ ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഹിമാചലിൽ റിപ്പോർട്ട് ചെയ്യുന്ന സജീവ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 1 ന് 9,672 ആയിരുന്ന കേസുകളുടെ എണ്ണം ഫെബ്രുവരി 8 ഓടെ 4,812 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനമായത്ത്. അതേസമയം ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ തുടരും. വിവാഹങ്ങളും ശവസംസ്കാര ചടങ്ങുകളും ഉൾപ്പെടെ എല്ലാ സാമൂഹിക, മത, സാംസ്കാരിക, രാഷ്ട്രീയ, മറ്റ് സഭകൾക്കും വീടിനകത്തും പുറത്തും ഉള്ള ശേഷിയുടെ 50 ശതമാനം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനം തടയുന്നതിനായി ജനുവരി 5 ന് സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരുന്നു കർഫ്യൂ. പിന്നീട് ജനുവരി 31 ന് രാത്രി 10 മുതൽ രാവിലെ 6 വരെയായി പരിഷ്കരിക്കുകയും ചെയ്തു.