ന്യൂഡൽഹി: ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് പാർലമെന്റിൽ ഉത്തരം നൽകേണ്ടെന്ന് കേന്ദ്രസർക്കാർ. തൃണമൂൽ കോൺഗ്രസ് എംപി ശാന്ത ഛേത്രിയാണ് ഇതേക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ഇതിന് മറുപടി നൽകരുതെന്ന് സർക്കാർ രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. എകണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 53 ലേക്ക് വീണതെങ്ങനെ എന്നാണ് ഛേത്രി ചോദിച്ചിരുന്നത്.
ഫെബ്രുവരി പത്തിനാണ് ചോദ്യത്തിന് മറുപടി നൽകേണ്ടിയിരുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൽനിന്നാണ് തൃണമൂൽ അംഗം ഉത്തരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിനു മുമ്പു തന്നെ സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതേ ചോദ്യം കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്ര നിയമ-നീതി മന്ത്രാലയവും അനുവദിച്ചിരുന്നില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റിന് നൽകിയ കത്തിൽ സർക്കാർ പറയുന്നു.
ലണ്ടൻ ആസ്ഥാനമായ സംഘടനയാണ് എകണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്. ഇന്ത്യയുടെ സ്ഥാനം താഴ്ത്തിയതിൽ കേന്ദ്രം സ്ഥാപനവുമായി കൊമ്പുകോർത്തിരുന്നു. സൂചിക പ്രകാരം ജനാധിപത്യം കുറവുള്ള (flawed democracy) രാജ്യങ്ങളുടെ ഗണത്തിലാണ് ഇപ്പോൾ ഇന്ത്യ. അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകളും റാങ്കിംഗിൽ പിന്നോട്ട് പോകാൻ കാരണമായതായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പറയുന്നു.
2019ൽ 6.9 ആയിരുന്നു ഇന്ത്യയുടെ സ്‌കോറെങ്കിൽ 2020ൽ 6.61ലേക്ക് താഴ്ന്നു. 2014ൽ 7.92 ആയിരുന്നു ഇന്ത്യയുടെ സ്‌കോർ. നോർവേയാണ് പട്ടികയിൽ മുന്നിൽ. ഐസ് ലൻഡ്, സ്വീഡൻ, ന്യൂസിലാൻഡ്, കാനഡ എന്നിവരാണ് തൊട്ടുപിന്നിൽ. ഉത്തരകൊറിയയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
നാലു പട്ടികയിലാണ് രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്ക് പുറമേ, യുഎസ്എ, ബ്രസീൽ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം കുറഞ്ഞ ജനാധിപത്യമുള്ള ഗണത്തിലാണ്. കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരത്വത്തിൽ മതം കൂട്ടിച്ചേർത്തെന്നും ഇത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പൗരാവകാശ ലംഘനത്തിനും കാരണമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.