സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീല്‍ നാളത്തേക്ക് മാറ്റി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണെന്ന് അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്ക് അപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. സര്‍വേ നിര്‍ത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന ആശങ്കയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും. ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കും. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിലെ നിര്‍ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം സില്‍വര്‍ ലൈനില്‍ കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍ കെ പ്രേമചന്ദ്രന്, കെ മുരളീധരന് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം എം പിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിആഘാത പഠനം നടന്നിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.