ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്. ഈ സീസൺ അവസാനത്തോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന 23-കാരൻ ഫ്രീ ഏജന്റായാണ് സ്പാനിഷ് വമ്പന്മാരുടെ പാളയത്തിലെത്തുക. ഇരുകക്ഷികളും തമ്മിലുള്ള ചർച്ചകൾ ഏറെ പുരോഗമിച്ചതായും ധാരണയിലെത്തിയതായും ഫ്രഞ്ച് ദിനപത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 50 ദശലക്ഷം ഡോളർ (416 കോടി രൂപ) എന്ന ഭീമൻ പ്രതിഫലമാണ് താരത്തിന് സ്പാനിഷ് ക്ലബ്ബിൽ ലഭിക്കുക. നിലവിൽ ഇതിന്റെ പകുതിയോളമാണ് പി.എസ്.ജി നൽകുന്നത്. കരാർ നീട്ടാൻ എംബാപ്പെയുമായി പി.എസ്.ജി നിരവധി ചർച്ചകൾ നടത്തിയെങ്കിലും താരം ഒഴിഞ്ഞുമാറുകയായിരുന്നു. ജനുവരി ട്രാൻസ്ഫർ കാലയളവിൽ താൻ ഫ്രഞ്ച് ക്ലബ്ബ് വിടുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയിരുന്നു.
ബഹുമുഖ പ്രതിഭയായ എംബാപ്പെ മുൻനിരയിൽ ഏത് ഭാഗത്തും കളിക്കാൻ കഴിവുള്ള താരമാണ്. ഇരുവശങ്ങളിൽ നിന്നും ഗോൾമുഖത്തേക്ക് കട്ട്ഇൻ ചെയ്യാനുള്ള മികവും ഇരുകാലുകളിൽ നിന്നും ഷോട്ടുതിർത്താനുള്ള കഴിവും മികച്ച ശാരീരികക്ഷമതയും താരത്തെ ലോകത്തെ മികച്ച താരങ്ങളിൽ പെടുത്തുന്നു. ഡ്രിബ്ലിങ്, അവസരത്തിനൊത്ത് വേഗത ഉയർത്താനുള്ള കഴിവ്, പന്ത് നിയന്ത്രിക്കാനും എതിരാളികളെ കബളിപ്പിച്ച് പാസുകൾ നൽകാനുമുള്ള ശേഷി, ഡിഫന്റർമാരുമായുള്ള ശാരീരികമത്സരത്തിലെ മേൽക്കൈ എന്നിവയും താരത്തെ അതുല്യനാക്കുന്നു. പിതാവിൽ നിന്ന് കളിപഠിച്ച ശേഷം എ.എസ് മൊണാക്കോയിലൂടെ പ്രൊഫഷണൽ രംഗത്ത് അരങ്ങേറിയ എംബാപ്പെ 2017-ലാണ് പി.എസ്.ജിയിൽ ചേർന്നത്. ലോൺ അടിസ്ഥാനത്തിൽ എത്തിയ താരത്തെ പിന്നീട് 180 ദശലക്ഷം നൽകി പി.എസ്.ജി സ്വന്തമാക്കി. ഒരു ടീനേജറുടെ ട്രാൻസ്ഫറിലെ ഏറ്റവുമുയർന്ന തുകയായിരുന്നു ഇത്. 2018-19 മുതൽ തുടർച്ചയായ മൂന്നു സീസണിൽ ലീഗ് ടോപ് സ്‌കോററായി എംബാപ്പെ തന്റെ പ്രൈസ് ടാഗിനെ ശരിവെക്കുകയും ചെയ്തു.
എ.എസ് മൊണാക്കോയിൽ കളിക്കുമ്പോൾ തന്നെ റയൽ മാഡ്രിഡ് എംബാപ്പെയെ നോട്ടമിട്ടിരുന്നെങ്കിലും അന്ന് സ്റ്റാർട്ടിങ് ഇലവനിൽ കളിപ്പിക്കാമെന്ന് കോച്ച് സൈനദിൻ സിദാൻ ഉറപ്പ് നൽകാത്തതിനാൽ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു. പി.എസ്.ജിക്കു വേണ്ടി 100 മത്സരങ്ങളിൽ 88-ഉം ഫ്രാൻസ് ദേശീയ ടീമിനു വേണ്ടി 53 മത്സരങ്ങളിൽ 24-ഉം ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2018-ൽ ഫ്രാൻസ് ലോകകപ്പ് കിരീടം നേടിയപ്പോൾ എംബാപ്പെയുടെ പ്രകടനം നിർണായകമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരെ ഗോളടിച്ച താരം അർജന്റീനക്കെതിരെ പ്രീക്വാർട്ടറിൽ രണ്ട് ഗോളടിക്കുകയും ഒരു പെനാൽട്ടി ഗോളവസരം സമ്പാദിക്കുകയും ചെയ്തു.