Cricket Sports

Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ്

മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും പോണ്ടിംഗ് വ്യക്തമാക്കി. ടി20 ക്രിക്കറ്റിന്‍റെ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് അത്രമേല്‍ പ്രാധാന്യം നല്‍കിയ നായകനായിരുന്നു കോലി. നാട്ടിലെന്ന പോലെ വിദേശത്തും വിജയം നേടാനായി എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ നേട്ടം.

കോലി വരുന്നതുവരെ നാട്ടിലെ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും ജയിക്കുകയും ചെയ്യുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോലി വന്നതോടെ അതിന് മാറ്റം വന്നു. കോലി നായകനായതോടെ ഇന്ത്യ വിദേശത്ത് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി. അത് മാത്രമല്ല, കോലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. അത് ക്രിക്കറ്റിന് തന്നെ നല്ലതായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് കോലി സ്വന്തമാക്കിയത്.

Ricky Ponting says Virat Kohli was passionate to continue as India's Test captain

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഐപിഎല്ലിനിടെ കണ്ടപ്പോള്‍ ടെസ്റ്റ് നായകസ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് കോലി സംസാരിച്ചത്. ഏകദിന, ടി20 നായകസ്ഥാനം കൈവിടുന്നതിനെക്കുറിച്ചും അന്ന് സൂചിപ്പിച്ചിരുന്നു. ടെസ്റ്റ് നായകനായി തുടരുന്നത് എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും കോലി അന്ന് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍സി അയാള്‍ അത്രമാത്രം ആസ്വദിച്ചിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ അയാള്‍ക്ക് കീഴില്‍ ഇന്ത്യ ഒരുപാട് നേട്ടങ്ങളുണ്ടാക്കി.

കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞുവെന്ന് കേട്ടപ്പോള്‍ ഞാൻ ശരിക്കും ഞെട്ടിപ്പോയി. പിന്നീട് ആലോചിച്ചപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ ഞാനും ഇതുപോലെയായിരുന്നു എന്ന് എനിക്ക് തോന്നി. റെക്കോര്‍ഡുകള്‍ നോക്കിയാല്‍ എനിക്കും ഏതാനും വര്‍ഷം കൂടി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാമായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍മാര്‍ക്കും പരിശീലകര്‍ക്കുമെല്ലാം ഒരു കാലാവധിയുണ്ട്. കോലി ഏഴ് വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നു.

ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതില്‍ വിജയിച്ചാണ് കോലിയുടെ പടിയറിക്കമെന്നും പോണ്ടിംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെയാണ് വിരാട് കോലി അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ടി20 ലോകകപ്പിന് പിന്നാലെ ടി20 ടീമിന്‍റെ നായകസ്ഥാനം രാജിവെച്ച കോലിയെ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് പിന്നീട് നീക്കിയിരുന്നു. രോഹിത് ശര്‍മയാകും ടി20യിലും ഏകിദിനത്തിലുമെന്നപോലെ ടെസ്റ്റിലും കോലിയുടെ പിന്‍ഗാമിയാകുക എന്നാണ് കരുതപ്പെടുന്നത്.