India

‘പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം’; പരിഹാസവുമായി പി ചിദംബരം

പെഗസിസ് സ്‌പൈവെയര്‍ ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പെഗസിസിന്റെ കൂടിതല്‍ അഡ്വാന്‍സ്ഡ് ആയ വേര്‍ഷന്‍ ലഭിക്കുമായിരുന്നെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് മനസില്‍കണ്ട് നരേന്ദ്രമോദി അത് 4 ബില്യണ്‍ ഡോളര്‍ നല്‍കി വാങ്ങുമായിരുന്നുവെന്ന് ചിദംബരം ആക്ഷേപിച്ചു. ഇന്ത്യ-ഇസ്രയേല്‍ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഗസിസ് പുതിയ വേര്‍ഷന്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കാനും ഇത് തക്ക സമയമാണെന്ന് പി ചിദംബരം പരിഹസിച്ചു.

മനസുവെച്ചാല്‍ കേന്ദ്രസര്‍ക്കാരിന് കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയ സ്‌പൈവെയറുകള്‍ ലഭിക്കുമെന്നാണ് ചിദംബരം പറഞ്ഞത്. പെന്റഗണ്‍ പേപ്പേര്‍സ് എന്നോ വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡല്‍ എന്നോ ബിജെപി കേട്ടിട്ടില്ലെങ്കില്‍ കുറഞ്ഞത് ഈ സംഭവങ്ങളെ ആധാരമാക്കി ഇറങ്ങിയിട്ടുള്ള സിനിമകള്‍ കാണാനെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ യോര്‍ക്ക് ടൈംസിന്റെ ആധികാരികത സംശയിച്ച നേതാക്കള്‍ക്കുനേരെയായിരുന്നു ചിദംബരത്തിന്റെ ഒളിയമ്പ്.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് പിന്നാലെ പെഗസിസ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗസിസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ”പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ മിലിട്ടറി ഗ്രേഡ് സ്പൈവെയറുകള്‍ ഉപയോഗിച്ചു എന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് വക്താവ് ഷാമ മുഹമ്മദ് പറഞ്ഞു.