കൊവിഡ് അതിതീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ച്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന് യോഗം പ്രധാനമായി ചർച്ച ചെയ്യും. അധിക നിയന്ത്രണങ്ങൾ ആവശ്യമാണോ എന്നും പരിശോധിക്കും. (kerala covid meeting today)
സംസ്ഥാനത്തെ രോഗ വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതു കൂടെ കണക്കിലെടുത്താകും നിയന്ത്രണങ്ങളിലെ ആലോചന. കടുത്ത നിയന്ത്രണമുള്ള സി ക്യാറ്റഗറിയിലേക്ക് എറണാകുളം ഉൾപ്പടെയുള്ള ജില്ലകൾ വരാനുള്ള സാധ്യതയും നിലനിനിൽക്കുന്നു.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പരിശോധിക്കുന്ന രണ്ട് പേരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെയും നിരവധി പോസിറ്റീവ് കേസുകൾ ഉണ്ടാകുന്നതായാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു.
14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 177 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,776 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3178 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 439 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,701 പേർ രോഗമുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,14,734 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,628 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.