കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷത്തെ കേന്ദ്രബജറ്റും പേപ്പര്‍രഹിതമാക്കാന്‍ തീരുമാനം. ബജറ്റിന്റെ 14 രേഖകള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. www.indiabudget.gov.in വെബ്സൈറ്റില്‍ നിന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ബജറ്റ് രഹസ്യം ചോര്‍ന്നുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് അവതരണം കഴിയുന്നത് വരെ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബജറ്റ് പ്രസില്‍ തുടരണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി 1നാണ് ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്രബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് അവതരണത്തിനുമുന്‍പായി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ മേഖലയിലേയും വിദഗ്ധര്‍. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഇതിനായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഡിമാന്റ് ഉയര്‍ത്തുക മുതലായവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതെല്ലാം കൈവരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ ആവശ്യം. ആഗോളതലത്തില്‍ തന്നെ മാന്ദ്യം നേരിടുമ്പോള്‍ സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കാനുള്ള ശ്രമം വലിയ വെല്ലുവിളിയാണ്. വിദേശനിക്ഷേപകരെ ആശ്രയിക്കാതെ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നത് പ്രയാസമാകുമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി ഉയര്‍ന്ന സാമ്പത്തിക സാഹചര്യമാണ് മുന്നിലുള്ളത്. എന്നിരിക്കിലും 2022ല്‍ നികുതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടായതിനാല്‍ ഇത് ജിഡിപിയുടെ 6.8 ശതമാനമായിട്ടുണ്ട്. തെരഞ്ഞടുപ്പുകള്‍ അടുക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റില്‍ വിപണിയെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളേക്കാള്‍ ജനപ്രിയ പ്രഖ്യാപനങ്ങളും സഹായ വാഗ്ദാനങ്ങളുമുണ്ടാകുമെന്നാണ് വിപണി ആശങ്കപ്പെടുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.