Kerala

‘സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്ത് വ്യത്യാസം?’; സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ സൈബര്‍ ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ സി പി ഐ എം സൈബര്‍ ഗുണ്ടായിസം നടത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശബ്ദിക്കുന്നവരെ സി പി ഐ എം ആക്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയാണ്. കെ റെയിലിനെ എതിര്‍ക്കുന്ന കവികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും പാര്‍ട്ടി വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസാരിച്ചതിന് ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘപരിവാറും സാംസ്‌കാരിക പ്രവര്‍ത്തകരെ വളഞ്ഞിട്ട് കൊല്ലാക്കൊല ചെയ്യുന്ന കേരളത്തിലെ സി പി ഐ എം പ്രവര്‍ത്തകരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. കവി റഫീക് അഹമ്മദ്, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ഒന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ഭരണഘടനാ വിദഗ്ധരായവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിലെ ഒരു വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് പറയാന്‍ മന്ത്രിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ അധികാരമില്ലെന്നും ബന്ധപ്പെട്ട കോടതികള്‍ക്ക് മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാപരമായാണ് കരുതപ്പെടുന്നത്. ലോകായുക്ത നിയമത്തിന്റെ 14-ാം വകുപ്പ് സുപ്രിംകോടതിയും ഹൈക്കോടതിയും പരിഗണിച്ചതാണ്. ഭരണഘടനാ വിരുദ്ധമെന്ന് അവര്‍ പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ നിയമമന്ത്രി ഉയര്‍ത്തുന്ന പ്രതിരോധം ദുര്‍ബലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2019ല്‍ ചിന്തയില്‍ ലേഖനമെഴുതിയപ്പോള്‍ പല്ലും നഖവുമുള്ള കാവലായാണ് മുഖ്യമന്ത്രി ലോകായുക്തയെ വിലയിരുത്തിയതെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. 2021 ല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഇത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്യമായതിനാല്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും അഭിപ്രായങ്ങളില്‍ വൈരുദ്ധ്യമുണ്ടാകുമ്പോള്‍ പ്രസിഡന്റിന്റെ പരിശോധനയ്ക്ക് വിടാവുന്നതാണൈന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. 22 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിയമസഭ തള്ളിക്കളഞ്ഞ ഭേദഗതിയാണ് പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സ് വഴി സ്വീകരിച്ച് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. ഇത് മന്ത്രിമാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.